അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ അവസരം. അഗ്നി വീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നു വരെ.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. ഓൺലൈൻ പൊതു എഴുത്തുപരീക്ഷ (സിഇഇ) ജൂണിൽ തുടങ്ങും. തുടർന്നു റാലിയും കായികക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയും നടത്തും.
അപേക്ഷകർ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസുകൾക്കു കീഴിലാണു തെരഞ്ഞെടുപ്പ്. തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.
തസ്തികയും യോഗ്യതയും
=അഗ്നിവീർ ജനറൽ ഡ്യൂട്ടി: 45 % മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33 % മാർക്ക് വേണം.
=അഗ്നിവീർ ടെക്നിക്കൽ: 50 % മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 40 % മാർക്ക് വേണം.
അല്ലെങ്കിൽ എൻഐഒഎസ് ഉൾപ്പെടെ സെൻട്രൽ/സ്റ്റേറ്റ് ബോർഡുകളിൽനിന്നു ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയവും ഒരു വർഷത്തെ ഐടിഐ കോഴ്സും (എൻഎസ്ക്യൂഎഫ് ലെവൽ നാലോ അതിലധികമോ വേണം).
അല്ലെങ്കിൽ 50 % മാർക്കോടെ സയൻസ്, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളടങ്ങിയ പത്താം ക്ലാസ് ജയവും (ഓരോ വിഷയത്തിനും 40 % മാർക്ക് വേണം) ഇനിപ്പറയുന്ന വിഷയങ്ങളിൽ ഐടിഐ കളിൽനിന്നു രണ്ടു വർഷത്തെ ടെക് പരിശീലനം അല്ലെങ്കിൽ 2/3 വർഷ ഡിപ്ലോമ.
വിഷയങ്ങൾ:
മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, ടെക്നീഷൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, ഇലക്ട്രീഷൻ, ഫിറ്റർ, ഇൻസ്ട്രമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (എല്ലാ തരവും), സർവേയർ, ജിയോ ഇൻഫർമാറ്റിക്സ് അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രിക് കമ്യൂണിക്കേഷൻ സിസ്റ്റം, വെസൽ നാവിഗേറ്റർ, മെക്കാനിക്കൽ എൻജിനിയറിംഗ്. ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഓട്ടമൊബൈൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്, ഇൻസ്ട്രമെന്റേഷൻ ടെക്നോളജി.
=അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ: 60 % മാർക്കോടെ പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 50 % മാർക്ക് വേണം.
=അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്): പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.
=അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്): എട്ടാം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33 % മാർക്ക് വേണം.
പ്രായപരിധി: എല്ലാ വിഭാഗങ്ങളിലേക്കും 17 ¹/2 -22. 2005 ജൂലൈ ഒന്നിനും 2009 ജൂലൈ ഒന്നിനുമിടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം.
ശാരീരികയോഗ്യത:
കരസേനാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം.
അഗ്നിവീർ ഉദ്യോഗാർഥികൾക്ക് യോഗ്യത അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. ഇവർ രണ്ട് വിഭാഗങ്ങളുടെയും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ട് പൊതു പ്രവേശന പരീക്ഷകൾക്ക് ഹാജരാകണം.
അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ പങ്കെടുത്തു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും മറ്റു യോഗ്യതകൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്.
ആനുകൂല്യങ്ങൾ: നാലു വർഷം യഥാക്രമം 30,000, 33,000, 36,500, 40,000 രൂപയാണു ശമ്പളം. പുറമേ, സേനയിലെ സ്ഥിരനിയമനക്കാർക്കു സമാനമായ റിസ്ക് അലവൻസ്, യൂണിഫോം, യാത്രാ അലവൻസുകൾ തുടങ്ങിയവയും ലഭിക്കും.
സേവാനിധി: ശമ്പളത്തിന്റെ 30 % സേവാനിധി ഫണ്ടിലേക്കാണ്. ഇതിനു തുല്യമായ തുക (5.02 ലക്ഷം രൂപ) കേന്ദ്ര സർക്കാരും അടയ്ക്കും. 4 വർഷ കാലാവധി പൂർത്തിയാക്കുന്നവർക്കു പലിശ കൂടാതെ 10.04 ലക്ഷം രൂപയുടെ സേവാനിധി (നികുതിരഹിതം) ലഭിക്കും.
റിക്രൂട്ട്മെന്റ്: വിവിധ ആർമി റിക്രൂട്ട്മെന്റ് ഓഫീസുകളാണ് (എആർഒ) റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുക. 1.6 കിലോമീറ്റർ ഓട്ടം, ബീം പുള്ളപ്, 9 അടി ഡിച്ച്, സിഗ്സാഗ് ബാലൻസ് എന്നിവയാണു കായികക്ഷമതാപരീക്ഷയ്ക്കുള്ളത്.
ഓൺലൈൻ രജിസ്ട്രേഷൻ: www. joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർത്തിരിക്കും.